കോതമംഗലം: നെല്ലിക്കുഴിയിൽ അമീബിക് മസ്തിഷ്ക ജ്വരം പിടിപ്പെട്ട് വയോധിക മരിച്ച സംഭവത്തിൽ നെല്ലിക്കുഴി പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ അടിയന്തരമായി തൃക്കാരിയൂരിൽ യോഗം വിളിച്ച് അവലോകനം നടത്താൻ തീരുമാനം.
ഹരിത കർമ സേനയുടെ റിവ്യൂ മീറ്റംഗിൽ വിഷയം അറിയിച്ച് ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ ശ്രദ്ധയോടെ നടത്തിവരുന്നതിനുള്ള നിർദേശങ്ങളും നൽകി.
വാർഡ് തലത്തിൽ ശുചീകരണ പ്രവർത്തനം കൂടുതൽ ഊർജിതമാക്കാൻ തീരുമാനിച്ചതായി നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ അറിയിച്ചു. ഒരാഴ്ച മുമ്പ് വാർഡ് തല ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ചതിന് ശേഷം അടിയന്തരമായി ആരോഗ്യപ്രവർത്തകരുടെ യോഗം വിളിച്ചുകൂട്ടി ജാഗ്രതാ നിർദേശങ്ങൾ നൽകിയതായും അവലോകന യോഗം വ്യക്തമാക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബു കൊട്ടാരം, സ്ഥിരം സമിതി അധ്യക്ഷൻ സത്താർ വട്ടക്കുടി, സൽജ ജോസ്, ഫൗസിയ ഷിയാസ്, രാഹുൽ തങ്കപ്പൻ, അജീബ് എരമല്ലൂർ, അൻഷാദ് മഞ്ഞാങ്കൻ എന്നിവർ പങ്കെടുത്തു.